2015, ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

വഴിവാണിഭം

തലസ്ഥാന നഗരിയിലെ പ്രശസ്ത കലാശാലക്ക് മുന്‍പിലെ ഫുട്ട്പാത്തില്‍ ഒരു പുസ്തകത്തട്ട് കച്ചവടക്കാരനുണ്ടായിരുന്നു, ഏതാനും വര്‍ഷം മുമ്പു വരെ.

അന്നേക്ക് വൃദ്ധനായിക്കഴിഞ്ഞ ആ മനുഷ്യനെ എനിക്കു നേരത്തേ അറിയും.

കുട്ടിക്കാലത്ത് നഗരത്തിലെ അമ്മവീട്ടില്‍ നിന്ന് ഗ്രാമത്തിലെ അച്ഛന്‍റെ വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ ബസ്‌സ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോള്‍ ധിഷണ സ്ഫുരിക്കുന്ന മിഴികളോടെ അദ്ദേഹം തന്‍റെ പുസ്തകങ്ങളും
പത്രമാസികകളുമായി ബങ്കിലിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

പിന്നീട് കോളേജ്‌ വിദ്യാഭ്യാസകാലത്ത് അദ്ദേഹവുമായി വലിയ പരിചയത്തിലായി. ചിന്തകളിലും സ്വപ്നങ്ങളിലും തീവ്രമായി വിഹരിക്കുന്ന ഒരു മനുഷ്യന്‍. റഷ്യയില്‍ ഗോര്‍ബച്ചോവിന്‍റെ ഗ്ലാസ്നോസ്തും
പെരസ്ട്രോയിക്കയും വന്ന കാലത്ത് കേരളത്തിലെ ബുജികളും നേതാക്കളും അതിനെ വാഴ്ത്തിയപ്പോള്‍ അതിലെ അപകടങ്ങളെ തിരിച്ചറിഞ്ഞ കേരളത്തിലെ ഒരേയൊരാള്‍ ഈ മനുഷ്യനാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

ഇടയ്ക്കു വച്ച് ബങ്ക് പുസ്തകത്തട്ടിലേക്ക് മാറി. അപ്പോഴൊക്കെയും നിസ്സംഗനായി തന്‍റെ സോക്രട്ടേറിയന്‍ ശൈലിയിൽ പത്രമാസികകൾ വാങ്ങാനെത്തുന്ന പരിചയക്കാരുമായി  സംവദിക്കുന്ന ഒരാളെയാണ് ഞാൻ കണ്ടത്.ഒടുവിൽ ബുദ്ധമതത്തെക്കുറിച്ച് സ്വന്തം നിലയിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു.

പറയാന്‍ വന്നത് ഇതൊന്നുമല്ല. വഴിവാണിഭത്തെക്കുറിച്ചാണ്. ഇന്ന് ആ മനുഷ്യനോ മറ്റ് വഴിവാണിഭക്കാരോ അവിടില്ല. നഗരവികസനത്തിന്‍റെ ഭാഗമായി വഴിവാണിഭം പൂര്‍ണ്ണമായി ഒഴിവാക്കിയിരിക്കുന്നു.

നടപ്പാതകള്‍ക്കിരുവശവും പുതിയ ഷോപ്പിംഗ്‌ മാളുകളും ഫ്ലാറ്റുകളും!

വികസനം ആകാം. വാണിഭത്തിന്‍റെ മറവിലുള്ള സാമൂഹ്യവിരുദ്ധത
തുടച്ചുനീക്കുകയും വേണം.

എന്നാല്‍ പാവം വഴിവാണിഭക്കാരില്ലാതെ എന്തു കച്ചവടം!

ഒരു കാലത്ത് തെരുവില്‍ വിറ്റിരുന്ന വസ്ത്രങ്ങളുടെയും
ഭക്ഷണപാനീയങ്ങളുടെയും മറ്റ് തട്ടുമുട്ടു സാധനങ്ങളുടെയും വരെ
കച്ചവടം ഇനി നടത്തുന്നത് ഷോപ്പിംഗ്‌ ഫെസ്റ്റിവലുകളില്‍
കുത്തകകളായിരിക്കും.

രാത്രിയും പകലും നഗരം നിര്‍വികാരയായ്  നിവര്‍ന്നു കിടക്കുന്നു!!!


ചിത്രങ്ങള്‍: ഗൂഗിള്‍