2017, ജൂലൈ 28, വെള്ളിയാഴ്‌ച

കടലോർമ്മകള്‍

പ്രണയം തലക്കുമുകളിൽ ഉന്മാദത്തിന്റെ വർണ്ണക്കുടകള്‍ വലിച്ചുകെട്ടിയ കാലത്താണ് ഞാൻ കടപ്പുറത്ത് ജോലി തേടിയെത്തുന്നത്. ഭ്രമത്തിന്റെ ആ അദൃശ്യമായ മേൽക്കൂരക്കു കീഴെ കടലിന്റെ  സ്ത്രൈണ സാമീപ്യത്തിൽ
ഞാൻ ഒരേ സമയം സുരക്ഷിതനും അസ്വസ്ഥനുമായിരുന്നു. പ്രഭാതത്തിൽ തുറമുഖത്തെ ജോലിസ്ഥലത്തെത്തും മുൻപ്‌ കടൽത്തീരത്തെ പതിവ് സന്ദർശനങ്ങളിൽ സമുദ്രം ഒാരോ ദിനവും വ്യത്യസ്തരൂപഭാവങ്ങളിൽ
പ്രത്യക്ഷപ്പെടുമായിരുന്നു.

കടൽ ഒരൽഭുതമായിത്തുടങ്ങിയത് അന്നുമുതൽക്കാണ്.

തീരദേശങ്ങളുടെ ഒരിക്കലും മാറാത്ത ഭൂപ്രകൃതിയെക്കുറിച്ച് ഞാന്‍ പലപ്പോഴും ഫാന്റസി മെടയാറുണ്ട്. മലകളും വയലുകളും കൊണ്ട് നിറഞ്ഞ  എന്റെ നാടും വന്യമായ കാടിന്‍റെ അതിരിടങ്ങളും വല്ലാതെയങ്ങ് മാറിത്തുലഞ്ഞപ്പോഴും കടല്‍ ഒരിക്കലും മാറാത്ത ഭ്രാന്തന്‍ കാഴ്ചകളുമായി നിന്നു. കടല്‍ഭിത്തിയുടെ പാഴ്വാഗ്ദാനങ്ങളെ അടുത്ത മണ്‍സൂണില്‍ ഒരു തിരയുടെ ക്ഷോഭിച്ച നാവു കൊണ്ട്  അവള്‍ നക്കിയെടുത്തു

കടല്‍ക്ഷോഭങ്ങള്‍ക്ക് ഒരു ഉടമ്പടിയിലും വിശ്വാസമില്ലെന്ന് മനസ്സിലായി, മുക്കുവരെയും പലപ്പോഴും എന്നെപ്പോലെയും.

കടല്‍ച്ചിന്തകള്‍ കടല്‍പോലെ അനന്തമായിരുന്നു. എല്ലാതീരദേശങ്ങളും ഭൂമിയുടെ അരഞ്ഞാണം പോലെ ഒരേ ഭാവത്തില്‍ കിടന്നു. അല്ലെങ്കില്‍ എങ്ങിനെയാണ് ഹെമിംഗ് വേയുടെ ഹവാനയിലെ സാന്തിയാഗോയും എന്റെ നാട്ടിലെ മുക്കുവനും ഒരേ രൂപവും ഭാവവും ആയിപ്പോയത്. കപ്പല്‍ച്ചേതം വന്ന നാവികന്‍റെ കഥ എന്നെ മോഹിപ്പിച്ചത്‌.

ഒരു ലാറ്റിനമേരിക്കന്‍ ഭൂമികയുടെ മാന്ത്രിക വശ്യതയോടെ തീരപ്രദേശങ്ങള്‍ രാത്രിയിലും പകലിലും പ്രകാശിച്ചു . രാത്രി ജോലിക്കിടെ  തീരത്തെ പൂഴിമണലില്‍ ഉലാത്തുന്ന യക്ഷിയെയും തിരയുടെ ഗര്‍ജ്ജനങ്ങള്‍ക്ക് പിന്നില്‍ മദാലസ്യത്തോടെ തീരത്ത് വഴിതെറ്റി വന്നണയാറുള്ള മത്സ്യകന്യകമാരെയും കാണുമെന്ന്  പ്രതീക്ഷിച്ചു.

ഗ്രീഷ്മത്തിലെ സൂര്യന്‍ കടലോരത്തെ ഓരോ മണല്‍ത്തരിയെയും ചുവന്ന കണ്ണുകള്‍ കൊണ്ട് ഉഴിഞ്ഞിട്ടു. പെട്ടിക്കടകളിലെ മീന്‍പൊള്ളിച്ച ഉച്ചയൂണുകളും ഈസ്റ്റര്‍ ദിനങ്ങളിലെ മദ്യത്തിന്‍റെ രുചിയുള്ള അത്താഴങ്ങളും ഉപ്പുകാറ്റില്‍ക്കുതിര്‍ന്ന വിയര്‍പ്പിന്‍റെ ഗന്ധത്തോടൊപ്പം ഓര്‍മ്മയിലെത്തുന്നു. വിഹ്വലമായ സമുദ്ര-
സാമീപ്യവും വിഫലമായ പ്രണയചിന്തകളും ഇരുതലമൂര്‍ച്ചയുള്ള കഠാരപോലെ തറഞ്ഞുകയറിയ  ദിനങ്ങള്‍. ആല്‍ബേര്‍ കാമ്യുപറഞ്ഞതുപോലെ "എന്‍റെ കണ്പീലികളെ ചുവപ്പിച്ച "ദിനങ്ങള്‍.

മഞ്ഞുകാലത്ത് കടല്‍ സുതാര്യതയുടെ വെളുത്ത പര്‍ദ്ദയിട്ട് നിന്നു.ഡിസംബറിന്‍റെ നക്ഷത്രവെളിച്ചത്തിലും പ്രാര്‍ഥനയിലും നിന്ന് സ്നേഹത്തിന്‍റെ ഈര്‍പ്പം വിരുന്നിന് ക്ഷണിക്കും . ഫുട്ബോള്‍ ടൂര്‍ണമെന്ടിന്‍റെ ആരവങ്ങള്‍ക്കപ്പുറം ബിയറിന്‍റെയും വൈനിന്‍റെയും പുളിപ്പുള്ള ആഘോഷരാവുകള്‍ തുടങ്ങുകയായി.

കടലിന്‍റെ മാത്രം ഒരു കാര്‍ണിവല്‍.

കടല്‍
പ്രണയം പോലെ!
അവളുടെ കല്ലുവച്ച കമ്മലിന്
മഴവില്ലിന്‍റെഎഴുവര്‍ണ്ണം!!!





 ചിത്രങ്ങള്‍: ഗൂഗിള്‍