2015, ജൂലൈ 4, ശനിയാഴ്‌ച

കായലിന്‍റെ വിഷാദം

കായല്‍ മദാലസയായ ഒരു കറുത്ത പെണ്ണിനെപ്പോലെയാണ്. അന്തിപ്പൊന്‍വെട്ടത്തിന്‍റെ വിഷാദം ഞാനേറ്റവുമധികം കണ്ടിട്ടുള്ളത് കായല്‍പ്പരപ്പുകളിലാണ്‌.അല്ലെങ്കില്‍ത്തന്നെ കേരളത്തിലെ എല്ലാ കായലുകള്‍ക്കും ഒരു വിഷാദഛായയുണ്ട്.വൈകുന്നേരങ്ങളില്‍ അത് മൂർഛിക്കും.സന്ധ്യമയങ്ങുംനേരവും കായാമ്പൂവും നീലനിലാവൊരുതോണിയും കായലുകളുടെ വിഷാദഭാവങ്ങളെ മനോഹരമായി ധ്വനിപ്പിക്കുന്ന സിനിമാഗാനങ്ങളാണ്.

കുട്ടിക്കാലത്ത് പൂങ്കുളത്തുള്ള വല്യമ്മയുടെ വീട്ടില്‍പ്പോകുമ്പോള്‍ സ്റ്റെപ്പീസു പോലെ ഉയര്‍ന്നു കിടക്കുന്ന ഭൂപ്രദേശങ്ങള്‍ അവസാനിക്കുന്നിടത്തെ വേലിക്കരികിൽ നിന്ന് ഞങ്ങൾ കുട്ടികൾ കായലിന്‍റെ അപാരതയെ കണ്‍മിഴിച്ചുനോക്കിയതിന്‍റെ ഓര്‍മ്മകള്‍ ഇപ്പോഴുമുണ്ട് മനസ്സില്‍.
 
അടുത്തകാലത്തായി അവിടെ പോയപ്പോള്‍ കായല്‍ ഒരു ചീഞ്ഞളിഞ്ഞ നീര്‍ക്കെട്ടു പോലെ കിടക്കുന്നു.കായല്‍ത്തീരങ്ങളില്‍ അവയവം ഛേദിക്കപ്പെട്ട തെങ്ങുകളുടെ ശവങ്ങള്‍. ഒരു കായാമ്പൂ പോലും അവിടെങ്ങും തിരഞ്ഞിട്ടു കണ്ടില്ല.റോഡുകള്‍ വീതികൂട്ടി വയറുവീര്‍പ്പിച്ചു കിടക്കുന്നു. പാതവക്കത്തെ കൊച്ചു മണ്‍വീടുകളും പുട്ടും കടലയും കിട്ടുന്ന ചായക്കടകളും അപ്രത്യക്ഷമായി.പുതിയ ഫ്ലാറ്റ്സഞ്ചയങ്ങളും റിസോര്‍ട്ടുകളും ഉയര്‍ന്നുവരുന്ന ബഹളത്തിലാണവിടം.

കായലിന്‍റെ ശാലീന വിഷാദം മാഞ്ഞുപോവുകയും ദുരന്തപര്യവസാനിയായ ഒരു ചിത്രം പോലെ ആ പ്രദേശവും കായലും എന്നെ പിടിച്ചുലയ്ക്കുകയും ചെയ്തു.