2015, ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

വഴിവാണിഭം

തലസ്ഥാന നഗരിയിലെ പ്രശസ്ത കലാശാലക്ക് മുന്‍പിലെ ഫുട്ട്പാത്തില്‍ ഒരു പുസ്തകത്തട്ട് കച്ചവടക്കാരനുണ്ടായിരുന്നു, ഏതാനും വര്‍ഷം മുമ്പു വരെ.

അന്നേക്ക് വൃദ്ധനായിക്കഴിഞ്ഞ ആ മനുഷ്യനെ എനിക്കു നേരത്തേ അറിയും.

കുട്ടിക്കാലത്ത് നഗരത്തിലെ അമ്മവീട്ടില്‍ നിന്ന് ഗ്രാമത്തിലെ അച്ഛന്‍റെ വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ ബസ്‌സ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോള്‍ ധിഷണ സ്ഫുരിക്കുന്ന മിഴികളോടെ അദ്ദേഹം തന്‍റെ പുസ്തകങ്ങളും
പത്രമാസികകളുമായി ബങ്കിലിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

പിന്നീട് കോളേജ്‌ വിദ്യാഭ്യാസകാലത്ത് അദ്ദേഹവുമായി വലിയ പരിചയത്തിലായി. ചിന്തകളിലും സ്വപ്നങ്ങളിലും തീവ്രമായി വിഹരിക്കുന്ന ഒരു മനുഷ്യന്‍. റഷ്യയില്‍ ഗോര്‍ബച്ചോവിന്‍റെ ഗ്ലാസ്നോസ്തും
പെരസ്ട്രോയിക്കയും വന്ന കാലത്ത് കേരളത്തിലെ ബുജികളും നേതാക്കളും അതിനെ വാഴ്ത്തിയപ്പോള്‍ അതിലെ അപകടങ്ങളെ തിരിച്ചറിഞ്ഞ കേരളത്തിലെ ഒരേയൊരാള്‍ ഈ മനുഷ്യനാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

ഇടയ്ക്കു വച്ച് ബങ്ക് പുസ്തകത്തട്ടിലേക്ക് മാറി. അപ്പോഴൊക്കെയും നിസ്സംഗനായി തന്‍റെ സോക്രട്ടേറിയന്‍ ശൈലിയിൽ പത്രമാസികകൾ വാങ്ങാനെത്തുന്ന പരിചയക്കാരുമായി  സംവദിക്കുന്ന ഒരാളെയാണ് ഞാൻ കണ്ടത്.ഒടുവിൽ ബുദ്ധമതത്തെക്കുറിച്ച് സ്വന്തം നിലയിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു.

പറയാന്‍ വന്നത് ഇതൊന്നുമല്ല. വഴിവാണിഭത്തെക്കുറിച്ചാണ്. ഇന്ന് ആ മനുഷ്യനോ മറ്റ് വഴിവാണിഭക്കാരോ അവിടില്ല. നഗരവികസനത്തിന്‍റെ ഭാഗമായി വഴിവാണിഭം പൂര്‍ണ്ണമായി ഒഴിവാക്കിയിരിക്കുന്നു.

നടപ്പാതകള്‍ക്കിരുവശവും പുതിയ ഷോപ്പിംഗ്‌ മാളുകളും ഫ്ലാറ്റുകളും!

വികസനം ആകാം. വാണിഭത്തിന്‍റെ മറവിലുള്ള സാമൂഹ്യവിരുദ്ധത
തുടച്ചുനീക്കുകയും വേണം.

എന്നാല്‍ പാവം വഴിവാണിഭക്കാരില്ലാതെ എന്തു കച്ചവടം!

ഒരു കാലത്ത് തെരുവില്‍ വിറ്റിരുന്ന വസ്ത്രങ്ങളുടെയും
ഭക്ഷണപാനീയങ്ങളുടെയും മറ്റ് തട്ടുമുട്ടു സാധനങ്ങളുടെയും വരെ
കച്ചവടം ഇനി നടത്തുന്നത് ഷോപ്പിംഗ്‌ ഫെസ്റ്റിവലുകളില്‍
കുത്തകകളായിരിക്കും.

രാത്രിയും പകലും നഗരം നിര്‍വികാരയായ്  നിവര്‍ന്നു കിടക്കുന്നു!!!


ചിത്രങ്ങള്‍: ഗൂഗിള്‍

9 അഭിപ്രായങ്ങൾ:

സുധി അറയ്ക്കൽ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Bipin പറഞ്ഞു...

ഇന്ന് കച്ചവടം മാറി. ശീതീകരിച്ച സ്ഥലങ്ങൾ. യുനിഫോറം ധരിച്ച വിൽപ്പന ക്കാർ. യാന്ത്രിക ചിരി. അവിടെ വ്യക്തി ബന്ധങ്ങൾക്ക് സ്ഥാനമില്ല. നമ്മളും മാറി. ഇന്നും നില നിൽക്കുന്ന അപൂർവം പല വ്യഞ്ജന ക്കടകളിൽ നമ്മൾ പോകാറുണ്ടോ? ഇല്ല, നമുക്ക് പോഷ് മാളുകളും കടകളും മതി.

സജീവ്‌ മായന്‍ പറഞ്ഞു...

ശരിയാണ് സര്‍, നമ്മളും വ്യക്തിബന്ധങ്ങള്‍ മറക്കുന്നവര്‍ തന്നെ.
നഷപ്പെടുന്നത് ഓര്‍ക്കുന്നുവെന്നേയുള്ളൂ.
വീണ്ടും വന്നതിന് നന്ദിയുണ്ട്!!!

ബൈജു മണിയങ്കാല പറഞ്ഞു...

തനിമകൾ തൂത്ത് മാറ്റപ്പെടുകയാണ്
അറിവും തനതു മൂല്യങ്ങളും

സജീവ്‌ മായന്‍ പറഞ്ഞു...

ആദ്യമായ് വന്നതിന് നന്ദി ബൈജു ഭായ് !!!
പറഞ്ഞത്പോലെ എല്ലാ അറിവുകളും തനതുമൂല്യങ്ങളും മറക്കുന്ന ജനങ്ങളായി
നമ്മള്‍ മലയാളികള്‍.

Pradeep Kumar പറഞ്ഞു...

വഴിവാണിഭം ഒരു സംസ്കാരമായിരുന്നു. ചെറുകിട കച്ചവടക്കാരും കുറഞ്ഞ വരുമാനക്കാരുമായ ആളുകളായിരുന്നു ഇവിടുത്തെ ഇടപാടുകാർ. സമ്പന്നരുടെ പ്രാമാണ്യത്തിനു മുന്നിൽ ഇവരെല്ലാം കുടിയൊഴിപ്പിക്കപ്പെട്ടിരിക്കുന്നു. ചെറുതെങ്കിലും പ്രസക്തമായ വിഷയം

സജീവ്‌ മായന്‍ പറഞ്ഞു...

നന്ദി സുഹൃത്തേ!!!

ഒടിയന്‍/Odiyan പറഞ്ഞു...

തിരുവനന്ത പുരത്ത് വസിക്കുന്നതിനാൽ ഇതുപോലെ നിരവധി വഴി വാണിഭ കാരെ കാണാറുണ്ട്‌,ചിലപ്പോഴൊക്കെ അവർ എവിടേക്ക് അപ്രത്യക്ഷരായി എന്നും തോന്നാറുണ്ട് , തൊട്ടടുത്തുള്ള കടക്കാരുടെ പിന്നാളായ ഉദ്ധ്യോഗസ്ഥർ എടുക്കുന്ന നടപടികളാണ് ഒരു കുടുംബം പോറ്റുന്ന അവരെ ആട്ടി പായിക്കുന്നത്‌ ..ഓർമ്മകൾ പങ്കു വച്ചതിന് നന്ദി

സജീവ്‌ മായന്‍ പറഞ്ഞു...

നന്ദി ഒടിയന്‍ ചങ്ങാതീ!!!